കൊച്ചി: സൈബര്‍ സുരക്ഷാ രംഗത്ത് പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ക്വാണ്ടം കംപ്യൂട്ടിംഗിന്റെ വെല്ലുവിളികളെയും അവസരങ്ങളെയും ഉപയോഗപ്പെടുത്താന്‍ ബംഗളൂരു അലയന്‍സ് സര്‍വകലാശാലയും കേരള പൊലിസ് സൈബര്‍ഡോമും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
കൊക്കൂണ്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പൊലിസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറും അലയന്‍സ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബി. പ്രീസ്റ്റ്ലി ഷാനും ചേര്‍ന്നാണു ധാരണാപത്രം കൈമാറിയത്.
ക്വാണ്ടം കംപ്യൂട്ടിംഗ്, സൈബര്‍ സെക്യൂരിറ്റി, റോബോട്ടിക്സ് തുടങ്ങി പ്രധാനമായും മൂന്നു മേഖലകളിലാണ് ഇരുസ്ഥാപനങ്ങളും സഹകരണം ഉറപ്പാക്കുന്നത്. പോസ്റ്റ്ക്വാണ്ടം ക്രിപ്റ്റോഗ്രഫി, ക്വാണ്ടം പ്രതിരോധ സുരക്ഷാസംവിധാനങ്ങള്‍, നിലവിലുള്ള ക്രിപ്റ്റോഗ്രാഫിക് സംവിധാനങ്ങളില്‍ ക്വാണ്ടം കംപ്യൂട്ടിംഗ് ചെലുത്താനിരിക്കുന്ന സ്വാധീനം എന്നിവ ഈ കൂട്ടായ്മ പ്രധാനമായും പരിശോധിക്കും. നിയമപാലകര്‍ക്കും സൈബര്‍ സുരക്ഷാമേഖലയ്ക്കും ആവശ്യമായ ക്വാണ്ടം അധിഷ്ഠിത സുരക്ഷാപരിഹാരങ്ങളും ഇതിലൂടെ വികസിപ്പിക്കും.
ക്വാണ്ടം കംപ്യൂട്ടിംഗ് മേഖലയില്‍ സംസ്ഥാനത്തിന്റെ നിയമപാലക ഏജന്‍സി, ഒരു യൂണിവേഴ്സിറ്റിയുമായി സഹകരിക്കുന്നുവെന്ന പ്രത്യേകതയും ഈ ധാരണാപത്രത്തിനുണ്ട്. സംയുക്ത ഗവേഷണ പദ്ധതികള്‍, പൈലറ്റ് പ്രോഗ്രാമുകള്‍, ശില്പശാലകള്, ഹാക്കത്തണുകള്‍, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള പരിശീലനപരിപാടികള്‍ എന്നിവയും സഹകരണത്തിന്റെ ഭാഗമായി നടപ്പിലാക്കും.
ചടങ്ങില്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം, സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ ഐജി പി. പ്രകാശ് , സൈബര്‍ ഓപ്പറേഷന്‍സ് എസ്പി അങ്കിത് അശോകന്, അലയന്‍സ് സര്‍വകലാശാല പ്രതിനിധികളായ അലയന്‍സ് സ്കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വി. വിവേക്, അസോസിയേറ്റ് പ്രഫസർ ഡോ. രത്നാകര്‍ ആചാരി എന്നിവരും പങ്കെടുത്തു.